മൂന്നാറില്‍ സുരേഷ്‌കുമാറിന് തെറ്റുപറ്റിയെന്ന് വി.എസ്.
Posted on: 17 Jun 2011
ഇടുക്കി : മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ.സുരേഷ്‌കുമാറിനെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തള്ളിപ്പറഞ്ഞു. മൂന്നാറില്‍ സുരേഷ്‌കുമാര്‍ ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും ചെയ്തുവെന്ന് വി.എസ്. ആരോപിച്ചു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ പിടികൂടാനും അവരെ ഒഴിപ്പിക്കാനുമാണ് ദൗത്യസംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. പാര്‍ട്ടി ഓഫീസുകളെ തര്‍ക്കത്തിലേയ്ക്ക് വലിച്ചിഴയ്ക്കാനായിരുന്നില്ല സുരേഷ്‌കുമറിനെ നിയോഗിച്ചിരുന്നത്. രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ സുരേഷ്‌കുമാര്‍ പാര്‍ട്ടി ഓഫീസുകളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരേഷ്‌കുമാര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കാര്യങ്ങള്‍ മുഴുവന്‍ ശരിയല്ല. അതുകൊണ്ടാണ് അയാളെ തിരിച്ചുവിളിച്ചത്-വി.എസ്. പറഞ്ഞു. മൂന്നാറില്‍ ഭരണകൂട ഭീകരത ഉണ്ടായിരുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചിരുന്നുവെന്നും വി. എസ്. വിശദീകരിച്ചു.
എ.സുജനപാല്‍ അന്തരിച്ചു
Posted on: 23 Jun 2011
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഡ്വ. എ.സുജനപാല്‍ (62) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 2006 ല്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്നു. ആസ്പത്രിയില്‍ നിന്ന് പത്തുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ 10 വരെ ഡി.സി.സി. ഓഫീസിലും 10 മുതല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം 12 മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. കെ.എസ്.യുവിലൂടെയാണ് സുജനപാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റേയും സംസ്ഥാന ഭാരവാഹിയായി ഉയര്‍ന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. 1991 ല്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട്ടെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം അത്തരം നിരവധി കൂട്ടായ്മകളുടെ മുഖ്യസംഘാടകന്‍ കൂടിയായിരുന്നു. പൊരുതുന്ന പലസ്തീന്‍, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കോളേജ് അധ്യാപികയായിരുന്ന ജയശ്രീയാണ് ഭാര്യ. മനു, അമൃത എന്നിവരാണ് മക്കള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ